KBO Updates

Archives » August 2017 » Varnyathil Ashanka

Varnyathil Ashanka

Release Date : 04 August 2017

Director : Sidharth Bharathan

Producer : Usman M E

Script : Thrissur Gopalji

Camera : Jayesh Nair

Music : Prasanth Pillai

Distribution : Central Pictures

മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യായലംകൃതി എന്ന അലങ്കാര ലക്ഷണം തന്നെയാണ് വർണ്യത്തിൽ ആശങ്ക. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതനും, ആഷിക് ഉസ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Plot
കള്ളാധി കള്ളൻ, കള്ളന്മാരുടെ കുലഗുരുവായ, കായംകുളം കൊച്ചുണ്ണി പെരിയോർക്ക് നമസ്കാരം പറഞ്ഞു കൊണ്ട് തുടങ്ങുന്ന ചിത്രം പ്രതിപാദിക്കുന്നത് പല വിധത്തിലുള്ള കളവുകളെ പറ്റിയും, കക്കാൻ പഠിച്ചാൽ പോരാ നിക്കാൻ പഠിക്കണം എന്ന പഴമൊഴിയുമാണ്. പോക്കറ്റടി, ബൈക്ക് മോഷണം എന്ന് തുടങ്ങി തനിമ എന്ന ഒറ്റ സീനിൽ വരുന്ന കഥാപാത്രം വരെ കള്ളത്തരത്തിൻ്റെ ഉസ്താദാണ്.

ഗിൽബെർട് എന്ന ചെറിയ കള്ളൻ, കൗട്ട് ശിവൻ എന്ന സ്ഥലത്തെ പോക്കിരിയായ കള്ളൻ, പാര വിൽസൺ എന്ന ശുദ്ധനായ കള്ളൻ, പ്രതീഷ് എന്ന കള്ളനായാൽ കൊള്ളാം എന്ന മനസോടെ ഉള്ളയാൾ എന്നിവരുടെ പണത്തിനായുള്ള ആത്മാർഥമായ ശ്രെമമാണ് ചിത്രം. ആക്ഷേപ ഹാസ്യത്തിൻ്റെ മേമ്പൊടിയുള്ള ചിത്രത്തിൽ നോട്ട് നിരോധനം, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ കൊലപാതക രാഷ്ട്രീയം, ഹർത്താൽ, മദ്യപാന ആസക്തി, അഴിമതി, പോലീസ് എന്നിങ്ങനെ കുറെയധികം മേഖലകളെ പ്രതിപാദിച്ചു പോകുന്നു.

Script & Direction 
തൃശൂർ ഗോപാൽജിയുടെ തിരക്കഥ മനോഹരമാണ്. കള്ളന്മാർക്ക് കാശ് വേണം എന്ന ചെറിയ ഒരു ആശയത്തെ നന്നായി തന്നെ ഒരു സിനിമയാക്കി ചെയ്തിരിക്കുന്നു. ആദ്യ ഭാഗങ്ങളിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഘട്ടം കഴിഞ്ഞാൽ പിന്നെ ചിത്രം അതിൻ്റെ ഒഴുക്കിലേക്ക് നീങ്ങുന്നു. ആ പരിചയപ്പെടുത്തലിൽ തന്നെ കഥ നടക്കുന്ന സ്ഥലത്തിൻ്റെ പശ്ചാത്തലവും വ്യക്തമാക്കുന്നു, അമ്പലം, റെയിൽ പാളം അങ്ങനെ അങ്ങനെ.

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ നിന്നും ഒട്ടും മോശമല്ല സിദ്ധാർഥ് ഭരതൻ്റെ അടുത്ത സംവിധാന സംരംഭം. രണ്ടാം പകുതിയിലെ, ചിത്രത്തിൻ്റെ ഏറ്റവും പ്രധാനമായ ഹർത്താൽ ദിനത്തിലെ മോഷണ സീൻ വളരെ എൻഗേജിങ് ആയി, കൺവിൻസിംഗ് ആയി എടുത്തിട്ടുണ്ട്. തൃശൂർ ആണ് കഥ നടക്കുന്നതെങ്കിലും കഥാപാത്രങ്ങൾക്ക് എടുത്താൽ പൊങ്ങാത്ത തൃശൂർ ശൈലി കൊടുത്തിട്ടില്ല, അത് കൊണ്ട് തന്നെ പ്രകടനങ്ങൾ റിയലിസ്റ്റിക് ആയി. 

Cast & Performances 
കൗട്ട് ശിവൻ എന്ന പോക്കിരി കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു, ദയാനന്ദൻ എന്ന പഴയ ബാർ തൊഴിലാളി ആയി സൂരജ് വെഞ്ഞാറമൂടും. ഈ രണ്ടു പേരുടെയും പ്രകടനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ് ചിത്രത്തിൽ.  നായകൻ എന്ന സങ്കല്പം ചിത്രത്തിലില്ല. എല്ലാവരും തുല്യർ. അത് കൊണ്ട് തന്നെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന് ഒരു പോസിറ്റീവ് സൈഡും ഇല്ല. തനി പോക്കിരി തന്നെ. ഗിൽബെർട്ട് എന്ന കള്ളനായി മണികണ്ഠൻ ആചാരി തൻ്റെ തമാശ സൈഡ് പ്രേക്ഷകർക്ക് തുറന്നു കൊടുക്കുന്നു. പാര വിൽസൺ എന്ന ചെമ്പൻ വിനോദിൻ്റെ കഥാപാത്രം അദ്ദേഹത്തിൻറെ ആദ്യ കാലത്തെ സ്ഥിരം പാറ്റേർണിലുള്ള ശുദ്ധനായ കള്ളനാണ്. അതിനിടയിൽ ഉഡായിപ്പുകളുടെ പരമ്പരകളുമായി നടക്കുന്ന ഷൈൻ ടോം ചാക്കോയുടെ പ്രതീഷ് എന്നീ പ്രധാന കഥാപാത്രങ്ങൾ മികച്ചു പ്രകടനങ്ങൾ കാഴ്ച വച്ചു. കക്കാൻ മാത്രമല്ല നീക്കാനും പഠിക്കണം എന്ന ആശയമുള്ള ദയാനന്ദൻ തന്നെയാണ് ചിത്രത്തിലെ പ്രധാന ദിവ്യൻ.

ജയരാജ് വാരിയർ, രചന, ടിനി ടോം, സുനിൽ സുഗദ, ഒറ്റ സീനിൽ വരുന്ന, ഗായത്രി സുരേഷ്, കെ പി എ സി ലളിത എന്നിങ്ങനെ പോകുന്നു ചിത്രത്തിലെ താരനിര.

Music, BGM & Other Aspects 
പ്രശാന്ത് പിള്ള സംഗീതം നിർവഹിച്ചിരിക്കുന്നു ചിത്രത്തിൽ. ടൈറ്റിൽ ഗാനം പാവക്കൂത്തിൻ്റെ അകമ്പടിയോടു കൂടിയുള്ള പഴയ ശൈലിയിൽ ഉള്ളതാണ്. പശ്ചാത്തല സംഗീതവും സിനിമയുടെ ഒഴുക്കിനനുസരിച്ചു നീങ്ങി. ജയേഷ് നായരുടെ ഛായാഗ്രഹണം മികവ് പുലർത്തി. 

Overall
INSP , RDP തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെയും, യെശ്വന്ത്‌ സഹായി, RDP താത്വിക ആചാര്യന്മാർ എന്നിവരെയും ഒക്കെ കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം അതിൻ്റെ രാഷ്ട്രീയം തുടക്കത്തിലേ വെളിപ്പെടുത്തുന്നുണ്ട്. 

അത് താനല്ലയോ ഇത് എന്ന് സംശയിച്ചു നിൽക്കാതെ ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക. ഇത് വരെ വന്ന കള്ളന്മാരുടെ കഥയുമായി എവിടെയോ ചെറിയ സാമ്യം തോന്നുമെന്നേ ഉള്ളൂ. അതല്ല ഇത്!