KBO Updates

KBO Index » Masterpiece

Masterpiece

Release : 21 December 2017

Directed by : Ajai Vasudev

Produced by  : C. H. Muhammed

Written by Uday Krishna

Music by  : Deepak Dev

Cinematography :  Vinod Illampally

Edited by   Johnkutty

Production company : Royal Cinemas

Distributed by : U. K. Studios

മാസ്സിന്റെ, തരക്കേടില്ലാത്ത പീസ്.

ഒരു കാലത്തു ഫോർമുല തിരക്കഥകളുടെ ആശാനായിരുന്ന (80കളിലെ പെട്ടി, കുട്ടി, മമ്മൂട്ടി, 90കളിലെ 3-4 ചെറുപ്പക്കാരും പിന്നെ ഒരു പെട്ടിയോ കുട്ടിയോ പെണ്കുട്ടിയോ) ശ്രീ കലൂർ ഡെന്നിസിന്റെ നിലവിലുള്ള പിന്തുടർച്ചക്കാരനാണ് മുൻപ് സിബി തോമസിനൊപ്പവും ഇപ്പോൾ തനിച്ചും തിരക്കഥ എഴുതുന്ന ഉദയകൃഷ്ണ.  തികച്ചും ഫോർമുല ബേസ്‌ഡ് തിരക്കഥകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മൂല്യം പുലിമുരുകൻ എന്ന ബ്രഹ്‌മാണ്ഡ വിജയത്തോടെ വാനോളം കുതിച്ചിട്ടുണ്ടാകുമെന്നു ഉറപ്പാണ്. ജനപ്രിയ മസാല ചേരുവകൾ ചേരുംപടി ചേർക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവിനുമുന്നിൽ ഇനിയും കണ്ണടച്ച് നിൽക്കുന്നതിൽ അർത്ഥമില്ല.

അതുകൊണ്ടു തന്നെ, മാസ്റ്റർ പീസ് എന്ന മമ്മൂട്ടി സിനിമയിൽ നായകനെക്കാളും അജയ്‌വാസുദേവ് എന്ന സംവിധായകനെക്കാളും കളി നയിക്കുന്നത് ഉദയകൃഷ്ണ എന്ന സമർത്ഥനായ തിരക്കഥാകാരൻ തന്നെ. പറഞ്ഞു പഴകിയതും, പലവിധ കുപ്പികളിൽ നാം കണ്ടിട്ടുള്ളതുമായ അതെ വീഞ്ഞ് പഴയ ഒരു കുപ്പി തന്നെ തുടച്ചു വൃത്തിയാക്കി അതിൽ പകർന്നു തന്നിട്ടും, ആളുകൾക്ക് ഇപ്പോഴും തരക്കേടില്ലാത്ത രീതിയിൽ രസിക്കുന്നുണ്ട് എന്നാണു തിയറ്റർ പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്.


ക്യാമ്പസ്, സൗഹൃദം, പ്രണയം, കൊലപാതകം, അന്വേഷണം, സസ്പെൻസ്, ട്വിസ്റ്റ് അങ്ങനെ ഇല്ലാത്തതൊന്നുമില്ല മാസ്റ്റർ പീസിൽ. നായകൻറെ ആകാര സൗഷ്ടവം പ്രധാന വിൽപ്പന വസ്തുവാക്കിയ പടത്തിൽ സംഭാഷണങ്ങൾ, സംഘട്ടനങ്ങൾ, സഹതാരങ്ങൾ, സംഗീതം അങ്ങനെ ഒന്നും തന്നെ ഒരുപാട് മികച്ചതല്ലെങ്കിലും, ഒന്നും തീരെ മോശവുമല്ല. സാങ്കേതിക വശങ്ങളും അതുപോലെ തന്നെ.


നായകനായി വിലസുന്ന മമ്മൂട്ടിയുടെ തൊട്ടു താഴെ തന്നെ വരുന്ന ഉണ്ണി മുകുന്ദന്റെ പ്രകടനമാണ് സിനിമയിൽ എടുത്തു പറയേണ്ട ഒരു ഘടകം. ഒപ്പം ഒരു പിടി യുവതാരങ്ങളുടെ പ്രകടനവും നന്നായിരുന്നു. നായികമാരെപ്പറ്റി എടുത്തുപറയാൻ ഒന്നുമില്ല.


ചുരുക്കിപ്പറഞ്ഞാൽ മമ്മൂട്ടി എന്ന നടൻ ഒരുപാട് നാളായി "മിസ്സ്" ചെയ്യുന്ന ഒരു തികഞ്ഞ വാണിജ്യ വിജയം നൽകാൻ മാസ്റ്റർപീസിന് സാധിച്ചേക്കുമെങ്കിൽ, അതിനു ഏറ്റവും വലിയ കാരണം ഉദയകൃഷ്ണ എന്ന തിരക്കഥാ കൃത്താണ്.